പെരുമ്പാവൂരില്‍ കെപിസിസിയോ ഫെന്റസ് ക്ലബ്ബോ വലുത് ? ഇന്നറിയാം…യുഡിഎഫ് നേതൃത്വം ചെയര്‍മാനെ ഇന്ന് തീരുമാനിക്കും

0

പെരുമ്പാവൂര്‍: അധികാരം ലഭിച്ച പെരുമ്പാവൂര്‍ നഗരസഭയിലെ അധ്യക്ഷനെ തീരുമാനിക്കാന്‍ യു.ഡി എഫ് നേതാക്കള്‍ അവസാനവട്ട മാരത്തണ്‍ ചര്‍ച്ചയില്‍. കെപി.സി.സി സെക്രട്ടറിയായ ടി. എം. സക്കീര്‍ ഹുസൈനും അര്‍ബന്‍ ബാങ്ക് പ്രസിഡന്റായ പോള്‍ പാത്തിക്കലുമാണ് പരിഗണനയിലുളളവര്‍. കെ.പി.സി.സി സെക്രട്ടറി, എല്‍ഡി എഫിന്റെ കോട്ട തകര്‍ത്ത് മിന്നുന്ന വിജയം നേടിയത്, വിവിധ സാമൂഹ്യസാംസ്‌ക്കാരിക രംഗങ്ങളിലെ ഭാരവാഹിത്വങ്ങളും ഇടപെടലുകളും തുടങ്ങിയ വലിയ നിരയിലുളള ഘടകങ്ങളാണ് സക്കീറിനെ വേറിട്ട് നിര്‍ത്തുന്നതും അനുകൂലമാക്കുന്നതും. സംസ്ഥാനനേതാക്കളും ഉദ്യോഗസ്ഥരുമായുളള അടുപ്പം ചെയര്‍മാനായാല്‍ സക്കീര്‍ ഹുസൈനിലൂടെ പെരുമ്പാവൂരിന്റെ വികസനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നുളളതിനാല്‍ പൊതുജനാഭിപ്രായവും ഇദ്ദേഹത്തെ പിന്തുണക്കുന്നവയാണ്. കൂടാതെ വിവിധ സാമൂഹ്യസംസ്‌ക്കാരിക രംഗത്തുളളവര്‍ സക്കീറിനെ പെരുമ്പാവൂര്‍ നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയതും ശ്രദ്ധേയമാണ്. മതേതരകാഴ്ച്ചപ്പാടോടെ മികച്ച രീതിയില്‍ ഭരണം നടത്താന്‍ കഴിവുളള നിലവിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ ഒരാളെന്നതും സക്കീറിന് പിന്തുണ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് അംഗങ്ങളുടെ മുന്‍തൂക്കത്തിലൂടെ സക്കീറിന് ചെയര്‍മാന്‍ പദവി നല്‍കാതിരിക്കാന്‍ ഐ ഗ്രൂപ്പിലെ ചിലര്‍ നീക്കം നടത്തുന്നുണ്ട്. പോള്‍ പാത്തിക്കല്‍ എന്ന യുവനേതാവിനെ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ പെരുമ്പാവൂരിലെ ഫെന്റസ് ക്ലബ്ബിനെ മികച്ച നിലയിലാക്കാന്‍ പോള്‍ പാത്തിക്കല്‍ പ്രസിഡന്റായത് മൂലം കഴിഞ്ഞൂവെന്നാണ് ഐ ഗ്രൂപ്പിലെ ചിലരുടെ വാദം.

യുഡിഎഫ് ഭരിക്കുന്ന പെരുമ്പാവൂര്‍ അര്‍ബ്ബന്‍ സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം നല്‍കി പോള്‍ പാത്തിക്കലിനെ മറ്റൊരു പൊതുപ്രവര്‍ത്തന ഉയര്‍ച്ചയിലേക്ക് നേതാക്കള്‍ എത്തിച്ചിരുന്നു. എന്നാല്‍ ബാങ്ക് പ്രസിഡന്റ് എന്ന സ്ഥാനം ഏറ്റെടുത്തെങ്കിലും ബാങ്കിന്റെ വളര്‍ച്ചയ്ക്കായി കാര്യമായി ഒന്നും ചെയ്യാന്‍ ഇദ്ദേഹത്തിന് കഴിയാതിരുന്നത് നേതാക്കള്‍ക്കിടയില്‍ വന്‍ നിരാശ സമ്മാനിച്ചിരുന്നു. ഇതോടെ പോള്‍ പാത്തിക്കല്‍ അര്‍ബ്ബന്‍ ബാങ്ക് പ്രസിഡന്റായി തുടര്‍ന്ന് പാര്‍ട്ടി ഏല്‍പ്പിച്ച ജോലി പൂര്‍ത്തീകരിക്കണമെന്നാണ് പാര്‍ട്ടിക്കകത്തെ പൊതുവികാരം. എന്നാല്‍ ഐ ഗ്രൂപ്പിന് മുന്‍തൂക്കമുളളതിനാല്‍ പോള്‍ പാത്തിക്കലിനെ ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യത്തെത്തുടര്‍ന്ന് രണ്ട് വട്ടം ചര്‍ച്ച അലസിപ്പിരിഞ്ഞു. നിലവില്‍ തിങ്കളാഴ്ച്ച ചെയര്‍മാനെ തെരഞ്ഞെടുത്ത് സത്യപ്രതിജ്ഞ ചെയ്യിക്കണമെന്നുളളതിനാല്‍ ഞായറാഴ്ച്ചയും ചര്‍ച്ചകള്‍ നടക്കുകയാണ്. ഡിസിസി നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ പെരുമ്പാവൂരിലുണ്ട്. എല്‍ഡി എഫ് ഭരിച്ചിരുന്ന കാലയളവുകളില്‍ യാതൊരു വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതിരുന്നതാണ് എല്‍ഡി എഫിനെ ഇത്തവണ വോട്ടര്‍മാര്‍ കയ്യൊഴിയാന്‍ പ്രേരിപ്പിച്ചത്. അതിനാല്‍ യുഡി എഫ് സക്കീര്‍ ഹുസൈനെ പോലെ പ്രൊഫഷണല്‍ രാഷ്ട്രീയക്കാരനെ ഉപയോഗിച്ച് വികസനങ്ങള്‍ നടത്തി പെരുമ്പാവൂരിന് പുതിയ മുഖം നല്‍കാനാവുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

ADVERTISEMENT

Leave a Reply