ലോക്ക് വീണിട്ട് മാസങ്ങള്‍, വിനോദസഞ്ചാരമേഖല പട്ടിണിക്കാരെ സൃഷ്ടിക്കുന്നു

0

ഇന്ന് ലോകവിനോദസഞ്ചാര ദിനം

പെരുമ്പാവൂര്‍: മഹാമാരി മൂലം ലോക്ക് വീണ വിനോദസഞ്ചാര മേഖല തുറക്കുന്നത് സംബന്ധിച്ച് അനിശ്ചിത്വത്തിലായതോടെ വനം സംരക്ഷണ സമിതി ജീവനക്കാര്‍ പട്ടിണിയില്‍. ലോക വിനോദ സഞ്ചാരദിനത്തിലും ആളൊഴിഞ്ഞ് അടച്ച് പൂട്ടിയിരിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കഴിഞ്ഞ ഏഴ് മാസമായി എന്ന് തുറക്കാനാകും എന്ന് നിശ്ചയമില്ലാത്ത നിലയിലാണ്. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളായ കോടനാട് അഭയാരണ്യം, നെടുമ്പാറ ചിറ, പാണംകുഴി മഹാഗണി തോട്ടം, പാണിയേലി പോര് എന്നിവ  മാസങ്ങളായി അടഞ്ഞ് കിടക്കുകയാണ്. വനം വകുപ്പിനു കീഴില്‍ ഫോറസ്റ്റ് ഡെവലപ്മെന്റ് അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ വര്‍ഷംതോറും ലക്ഷക്കണക്കിനര വിനോദ സഞ്ചാരികളാണ് എത്തിയിരുന്നത്. തദ്ദേശീയരായ വന സംരക്ഷണ സമിതി അംഗങ്ങളാണ് ഈ മേഖലയില്‍ ജോലി ചെയ്തിരുന്നത്. ഇതോടെ ഇവരുടെ വരുമാനം നിലച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ടൂറിസം മേഖലയ്ക്ക് പ്രഖ്യാപിച്ച സഹായം ഇവര്‍ക്ക് ലഭ്യമായില്ല. കേരളത്തിലെ ടൂറിസം മേഖല വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സാഹചര്യം 2018 ലെ മഹാപ്രളയത്തോടെ ആരംഭിച്ചതാണ്. കൊറോണ വൈറസ് വ്യാപനം തകര്‍ച്ചക്ക് ആക്കം കൂട്ടി. ടൂറിസം സീസണായ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ കൊറോണ വൈറസ് ഭീതിയിലാഴ്ന്ന് സഞ്ചാരികള്‍ എത്താതായപ്പോള്‍ ഏപ്രിലില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഈ മേഖലയ്ക് പൂട്ടു വീണു. ഇനി ഈ മേഖല പഴയ രീതിലാകാന്‍ നാളുകളെടുക്കും.സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രദേശത്തെ പാണംകുഴി ഹരിത ബയോ പാര്‍ക്ക് പോലെയുള്ള സ്വകാര്യ സംരഭകരും വലിയ പ്രതിസന്ധി നേരിടുകയാണ്. നിരവധി ജീവജാലങ്ങളുടെ സംരക്ഷണം വലിയ സാമ്പത്തിക ബാധ്യതയാണ് ഇത്തരക്കാര്‍ക്ക് വരുത്തി വയ്ക്കുന്നത്. മഴക്കാര്‍ നീങ്ങി മാനം തെളിയുമെന്ന പ്രതീക്ഷ പോലെ ഈ കാലഘട്ടവും മാറി സഞ്ചാരികളുടെ വരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല. വനം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വനസംരക്ഷണ സമിതി അംഗങ്ങള്‍ക്ക് സഹായ ധനം പ്രത്യേകമായി നല്‍കണമെന്ന് വനം വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം.പി. പ്രകാശ്, അംഗം സരള കൃഷ്ണന്‍ കുട്ടി എന്നിവര്‍ ആവശ്യപ്പെട്ടു. 
ADVERTISEMENT

Leave a Reply