ക്യാന്‍സര്‍ രോഗികളേ….പേടിക്കേണ്ട ഏലിയാസ് ചേട്ടന്‍ കൂടെയുണ്ട്…..

0
കുറുപ്പംപടി: കുറുപ്പംപടിയിലെ ക്യാന്‍സര്‍രോഗികള്‍ക്ക് ഏലിയാസിനെ അറിയാം. കാരണം ഏലിയാസ് ഇടയ്ക്കിടെ ഇവരെ സന്ദര്‍ശിക്കാനും ആശ്വാസവാക്കുകള്‍ പറയാനും എത്താറുണ്ട്. ഏലിയാസ് കുറുപ്പംപടിയിലെ ഒരു ചായക്കടക്കാരനാണ്. എമ്പശേരി വീട്ടില്‍ ഏലിയാസ് എന്ന ഈ  മനുഷ്യസ്‌നേഹിയുടെ പറ്റുബുക്കില്‍ കാരുണ്യപ്രവര്‍ത്തനങ്ങളുടെ കണക്കുകള്‍ എഴുതിയിടാറില്ല. ഒറ്റയ്ക്ക് നടത്തുന്ന ചായക്കടയില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനത്തിന്റെ വലിയൊരു ഭാഗവും ചിലവഴിക്കുന്നത് ക്യാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിന് വേണ്ടിയാണ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി തുടരുന്ന ക്യാന്‍സര്‍ അസുഖബാധിതരോടൊപ്പമുളള ഈ യാത്രയുടെ കാരണം ആര്‍ക്കുമറിയില്ല. ''പ്രത്യേകിച്ച് കാരണമൊന്നും ഇല്ലെന്ന് കൂട്ടിക്കോ'' ഇതാണ് ഏലിയാസിന്റെ ഈ ചോദ്യത്തിനുളള ഉത്തരം.  എറണാകുളം ജനറല്‍ ആശുപത്രിയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഏലിയാസ് ക്യാന്‍സര്‍ രോഗികള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കല്‍, ചിലവിനുളള ചെറിയ തുകകള്‍ നല്‍കല്‍, ആവശ്യത്തിനുളള പരിചരണങ്ങള്‍ എന്നിവ ചെയ്യുന്നുണ്ട്. ഇത് മുടക്കം കൂടാതെ എല്ലാ ഞായാറാഴ്ച്ചകളിലും ചെയ്യുന്നുണ്ട്. ഇരുപത് വര്‍ഷത്തോളമായി ഇത് തുടരുന്നു. ചെറിയ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പോലും വലിയ തോതില്‍ പണം മുടക്കി ലോകമാകെ അറിയിക്കുന്നവര്‍ക്ക് ഏലിയാസ് എന്ന വ്യക്തി ഒരു പാഠമാണ്. കാരുണ്യപ്രവര്‍ത്തനം മനസില്‍ നിന്നാവണമെന്ന പാഠം. കുറുപ്പംപടിയില്‍ 25 വര്‍ഷത്തിലധികമായി തിങ്കള്‍ മുതല്‍ ശനി വരെ ചായക്കട നടത്തുന്ന ഏലിയാസിന്റെ ഞായറാഴ്ച്ച ഉള്‍പ്പെടെയുളള മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടായി ഭാര്യ ചിന്നമ്മയും മകന്‍ ശ്യാമോനുമുണ്ട്. മറ്റൊരു ക്യാന്‍സര്‍ദിനം കൂടി കടന്നുപോകുമ്പോള്‍ ആരും കാണാതെ ക്യാന്‍സര്‍ രോഗികള്‍ക്കായി ഉഴിഞ്ഞു വച്ച ചില ജീവിതങ്ങളും മാറ്റി നിര്‍ത്തപ്പെടുകയാണ്.
ADVERTISEMENT

Leave a Reply