ശുചീകരണ പ്രവർത്തികൾ നടത്തിയില്ല. നീരൊഴുക്ക് നഷ്ടപ്പെട്ട് ചേരാനല്ലൂർ കനാൽ

0

പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ ചേരാനല്ലൂർ മൈനർ ഇറിഗേഷൻ കനാലുകളുടെ ശുചീകരണ പ്രവർത്തികൾ നടത്താത്തതിനാൽ നീരൊഴുക്ക് നഷ്ടപ്പെടുന്നു. സാധാരണ നവംബർ മാസത്തിലാണ് ശുചീകരണം നടത്തേണ്ടത്. മൈനർ ഇറിഗേഷൻ വകുപ്പ് ഒക്ടോബർ മാസത്തിൽ തന്നെ പെരുമ്പാവൂർ ഓഫീസ് പരിധിയിലുള്ള പഞ്ചായത്തുകൾക്ക് രേഖാമൂലം അറിയിപ്പ് നൽകിയിരുന്നു. പഞ്ചായത്തുകൾ മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി പണികൾ ചെയ്തുകൊള്ളാമെന്ന് അറിയിച്ചിരുന്നതാണ്. അതിനിടെ കൂവപ്പടി ബി.ഡി.ഒ.യുടെ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പണികൾ താൽക്കാലികമായി മുടങ്ങി. എന്നാൽ കൂവപ്പടി പഞ്ചായത്തിലെ ചേരാനല്ലൂർ, കപ്രിക്കാട് കനാലുകൾ ഒഴികെയുള്ള പഞ്ചായത്തുകളിൽ കനാലുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. നെൽകൃഷി കൂടാതെ ജാതി, തെങ്ങ്, വാഴ എന്നീ വിളകൾക്ക് ജലസേചനം നടത്തേണ്ട സമയം കഴിഞ്ഞതിനാൽ കർഷകർ ഇതുമൂലം കഷ്ടപ്പെടുകയാണ്. ചേരാനല്ലൂർ, മങ്കുഴി, നടുത്തുരത്ത്, നടുപള്ളിത്തോട്, ഒച്ചാതുരുത്ത് എന്നീ മേഖലകളിൽ 100 കണക്കിന് ഏക്കർ സ്ഥലത്തെ കൃഷിയാണ് ഇതുമൂലം ബുദ്ധിമുട്ടിലേക്ക് നീങ്ങുന്നത്. കനാലുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ നടത്തണമെന്ന് ചേരാനല്ലൂർ കർഷകസമിതി പ്രസിഡന്റ് ദേവച്ചൻ പടയാട്ടിൽ ആവശ്യപ്പെട്ടു.

ADVERTISEMENT

Leave a Reply