പൂവണിയുന്നൂ സ്വപ്നങ്ങൾ , പെരുമ്പാവൂർ നഗരമധ്യത്തിൽ കുട്ടികളുടെ പാർക്ക്

0

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരമധ്യത്തിൽ കുട്ടികളുടെ പാർക്ക് വേണമെന്ന ആവശ്യത്തിന് ഒടുവിൽ പരിഹാരമാകുന്നു. എം.എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ച കുട്ടികളുടെ പാർക്കിന്റെ നിർമ്മാണം കഴിഞ്ഞ ദിവസം ആരംഭിച്ചു. പെരുമ്പാവൂർ പാട്ടാലിൽ പെരിയാർ വാലി ജലസേചന പദ്ധതിയുടെ 27 സെന്റോളം വരുന്ന സ്ഥലത്താണ് പാർക്ക് നിർമ്മിക്കുന്നത്.

വർഷങ്ങൾക്ക് മുൻപ് വൈകുന്നേരങ്ങളിൽ കൂടിച്ചേരലുകൾക്കും ഒഴിവ് സമായങ്ങൾക്കുമുള്ള ഇടമായിരുന്ന ഇത്. എന്നാൽ വർഷങ്ങളായി ഈ സ്ഥലം കാട് പിടിച്ചു നശിച്ചു കിടക്കുകയാണ്. പൊതു ജനങ്ങളുമായി സംവദിക്കുമ്പോൾ കൂടുതൽ ആളുകൾ ആവശ്യപ്പെട്ട കാര്യമാണ് പാർക്കിന്റെ നിർമ്മാണം എന്നതെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് പാർക്കിന്റെ നിർമ്മാണം. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് പാർക്ക് നിർമ്മാണത്തിന്റെ ചുമതല. നിർമ്മാണം പൂർത്തികരിച്ച ശേഷം പരിപാലനവും ഉടമസ്ഥാവകാശവും പെരിയാർ വാലിക്ക് തിരികെ നൽകും. കുട്ടികൾക്കുള്ള വിനോദോപകരങ്ങൾ, ശുചിമുറികൾ, കോഫി ഷോപ്പ്, മനോഹരമായ കവാടം, പാർക്കിന് ചുറ്റും നടപ്പാത, പൂന്തോട്ട നിർമ്മാണം, വിളക്കുകൾ എന്നിവയാണ് പാർക്കിൽ സജ്ജീകരിക്കുന്നത്. നിലവിലുള്ള ചുറ്റുമതിൽ ബാലപ്പെടുത്തിയാകും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കുന്നത്.

പാർക്ക് നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപന കർമ്മവും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു.നഗരസഭ അധ്യക്ഷൻ ടി.എം സക്കീർ ഹുസൈൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ഷീബ ബേബി, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഭിലാഷ് പുതിയേടത്ത് കൗൺസിലർമാരായ ബിജു ജോൺ ജേക്കബ്, അരുൺ കെ.സി, അനിത ദേവി പ്രകാശ്, പെരിയാർ വാലി ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എൻജിനിയർ ബൈജു സി.വി, മുൻ കൗൺസിലർ മോഹൻ ബേബി, അഡ്വ. ടി.ജി സുനിൽ, പി.കെ മുഹമ്മദ് കുഞ്ഞ് തുടങ്ങിയവർ സംബന്ധിച്ചു.

ADVERTISEMENT

Leave a Reply