ലഹരിപദാർത്ഥങ്ങളുടെ ഈറ്റില്ലം, പെരുമ്പാവൂരിനെ ആര് കാക്കും

0

പെരുമ്പാവൂർ: പെരുമ്പാവൂരും പരിസരപ്രദേശങ്ങളിലും വേണ്ടത്ര പരിശോധനയില്ലാത്തതിനാൽ സ്‌ക്കൂൾ കുട്ടികളും യുവാക്കളും ലഹരിവസ്തുക്കൾക്ക് അടിമകളാകുന്നതിനെതിരെ നാട്ടുകാർക്ക് അമർഷം. ഉത്തരേന്ത്യക്കാർക്ക് പെരുമ്പാവൂർ നഗരം ഗൾഫാണെങ്കിലും കഞ്ചാവ് ലഹരിമാഫിയകൾക്ക് ഇതൊരു പറുദീസയാണ്. വൻതോതിൽ കഞ്ചാവും ഇതരലഹരി വസ്തുക്കളും വ്യാപാരം നടക്കുന്ന പ്രദേശമായ ഇവിടം മാറി. വിദാർത്ഥികളെയും യുവാക്കളെയും ഇതിന്റെ വാഹകരായും ഉപഭോക്താക്കളായും മാറ്റുന്നതിൽ ലഹരിമാഫിയ വിജയിച്ചതോടെ പ്രദേശത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളെല്ലാം ഇത്തരക്കാർ തമ്പടിച്ചിരിക്കുകയാണ്. എന്നാൽ ഇന്നലെ ഭായികോളനിയിൽ നടത്തിയത് പോലെയുളള പരിശോധനകൾ നടത്താതാണ് ഇത്തരക്കാർക്ക് അനുഗ്രഹമായിരിക്കുന്നത്. കൂടാതെ വലിയ വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ പാകത്തിന് ലഹരി വസ്തുക്കൾ കൈവശം വയ്ക്കാതെ പലരിലായി സൂക്ഷിക്കുന്ന തന്ത്രത്തിന് മുന്നിൽ പൊലീസിനും എക്‌സൈസിനും നിസ്സഹായതയാകേണ്ട സാഹചര്യവും ആവർത്തിക്കുകയാണ്.

ലോക്ഡൗൺ കാലത്തും ലഹരിവസ്തുക്കൾ ഇവിടെ സുലഭം

മധ്യകേരളത്തിന്റെ നാല് അതിർത്തികളിലേക്കും എളുപ്പത്തിൽ പ്രവേശിക്കാമെന്നതിനാലും വേണ്ടത്ര കർശനപരിശോധനകൾ ഇല്ലാത്തതുമാണ് ലഹരിവിൽപ്പന മാഫിയക്കാർ പെരുമ്പാവൂരിനെ തെരഞ്ഞെടുക്കാനുളള കാരണം. കൂടാതെ ഉത്തരേന്ത്യക്കാർ കൂട്ടമായി വിഹരിക്കുന്നതിനാൽ ഇവരുടെ നാട്ടിൽ നിന്നും വൻതോതിൽ പുതിയ രീതിയിലുളള ലഹരിവസ്തുക്കളും ഒഴുകുന്നുണ്ട്.ലോക്ഡൗൺ കാലത്ത് പോലും ലഹരിവസ്തുക്കൾക്ക് മാത്രം ക്ഷാമം ഉണ്ടായില്ലെന്ന് മുതിർന്ന നിയമപാലകർ പോലും സമ്മതിക്കുന്നുണ്ട്.പെരുമ്പാവൂരിൽ അടുത്തിയിടെ നടന്ന ക്രിമിനൽ പശ്ചാത്തലത്തിലുളള സംഭവങ്ങളുടെ പിന്നാമ്പുറങ്ങൾ തേടിയെത്തുമ്പോൾ അവസാനിക്കുന്നത് ലഹരിമാഫിയയുമായുളള ബന്ധത്തിലാണ്. ഉത്തരേന്ത്യൻ തൊഴിലാളികൾ വിവിധ മേഖലകളിൽ പണിയെടുക്കുന്നുണ്ടെങ്കിലും വലിയൊരു വിഭാഗം ലഹരിമാഫിയകൾക്ക് വേണ്ടി പ്രവർത്തിച്ച് വരികയാണെന്ന് ഇന്നലെയും അതിന് മുമ്പും നടന്ന വിവിധ പരിശോധനകൾ സാക്ഷ്യം വഹിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ പ്രധാനികളെ കണ്ടെത്താനോ പിടികൂടാനോ കഴിയാത്തത് പൊലീസിന് വൻനാണക്കേടുണ്ടാക്കുന്നുണ്ട്.

ഉപഭോഗവും വിൽപനയും ആളൊഴിഞ്ഞ പ്രദേശങ്ങളിൽ

പെരുമ്പാവൂർ നഗരസഭയും ചുറ്റുവട്ടത്തുളള എട്ടോളം പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ആളൊഴിഞ്ഞ പറമ്പുകൾ, റബ്ബർ തോട്ടങ്ങൾ, ഒറ്റപ്പെട്ട വലിയ കൃഷിത്തോട്ടങ്ങൾ, വിവിധ കെട്ടിടങ്ങളുടെ ടെറസ്സുകൾ എന്നിവ കേന്ദ്രീകരിച്ചാണ്് ലഹരി ഉപഭോക്താക്കൾ സായാഹ്‌നങ്ങളിലും രാത്രികാലങ്ങളിലും തമ്പടിക്കുന്നത്. ഇവർക്ക് ഇത്തരത്തിൽ ഒത്തുകൂടാനായി ലഹരികച്ചവടക്കാർ തന്നെ സഹായങ്ങൾ ചെയത് കൊടുക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടർച്ചയായി പൂട്ടിയിട്ടിരിക്കുന്നതിനാൽ ഇവിടെയും ചിലർ തമ്പടിക്കുന്നുണ്ട്. ഒരുമിച്ച് പഠിക്കുന്നവർ ഉൾപ്പെടെ വിനോദത്തിനും സൊറപറയാനുമായി ഒത്ത് കൂടുന്നതിന്റെ പേര് പറഞ്ഞാണ് ലഹരി ഉപഭോഗവും വിപണനവും നടത്തുന്നത്. പുതിയ മൊബൈലുകൾ, ബൈക്കുകൾ ഉൾപ്പെടെയുളള ഗാഡ്ജറ്റുകൾ വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളെ വിപണനത്തിനായി ഉപയോഗപ്പെടുത്തുകയാണ്. ചിലയിടങ്ങളിൽ ആഡംബര കാറുകളിൽ വിനോദയാത്രയും മദ്യവും വ്യഭിചാരവും ഉൾപ്പെടെ തരപ്പെടുത്തി വിദ്യാർത്ഥികളെ ഒരേസമയം ഉപഭോക്താക്കളും വിൽപ്പനക്കാരുമാക്കുകയാണ്.ആർഭാട ജീവിതം നയിക്കാൻ യുവാക്കൾക്കിടയിലുള്ള ഒരു എളുപ്പവഴിയായി മാറിയിരിക്കുകയാണ് ലഹരിമരുന്ന് വ്യാപാരം.

നിയമം ദുർബലം, നാട്ടുകാർ രംഗത്തിറങ്ങിയിട്ടും രക്ഷയില്ല

മയക്കുമരുന്ന് ഉപയോഗം നിയമപരമായി നേരിടാൻ സാധിക്കാതെ വന്നതോടെ വിവിധയിടങ്ങളിൽ പൊതുജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നാട്ടുകാർ സംഘടിച്ച് ഇവരെ കായികമായി നേരിടുമെന്ന മുന്നറിയിപ്പ് ബോർഡുകൾ തന്നെ പലയിടങ്ങളിലായി സ്ഥാപിച്ചെങ്കിലും ഫലപ്രദമായിട്ടില്ല. ലഹരി വസ്തുക്കൾ വാങ്ങുന്നതിനും, കൂട്ടമായി ഉപയോഗിക്കുന്നതിനും വന്നെത്തുന്ന സംഘങ്ങളെ പലതവണകളായി നാട്ടുകാർ പലവട്ടം കൈകാര്യം ചെയ്ത് പോലീസിലേൽപ്പിച്ചെങ്കിലും കാര്യമായ നടപടികൾ ഇല്ലാത്ത അവസ്ഥയാണ്.
പൊലീസ് പിടിയിലായി മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ തിരിച്ചെത്തി സംഘർഷാവസ്ഥ സൃഷ്ടിച്ച സംഭവങ്ങളും പെരുമ്പാവൂരിൽ ഉണ്ടായിട്ടുണ്ട്.

ശ്രദ്ധവേണ്ടത് മാതാപിതാക്കൾക്ക്

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ വ്യാപകമായി സർക്കാർ തലത്തിലും സന്നദ്ധസേവന സംഘടനാ തലത്തിലും വ്യത്യസ്തമായ ക്യാമ്പയിനുകൾ നടക്കുന്നുണ്ടെങ്കിൽ ഫലമുണ്ടാക്കാനാകുന്നില്ല. നിയമത്തിന്റെ പരിമിതി മനസ്സിലാക്കി സാമൂഹിക ബാധ്യതാ മനോഭാവത്തോടെയുള്ള ശ്രദ്ധ ഓരോ കുടുംബത്തിൽ നിന്നും ഉണ്ടായാൽ മാത്രമേ ഇതിനു തടയിടാൻ സാധിക്കൂവെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതിനായി രക്ഷകർത്താക്കൾ ശ്രദ്ധ നൽകേണ്ടത് കുട്ടികളുടെ ഇതരവരുമാനത്തെക്കുറിച്ചുളള അന്വേഷണമാണ്. കാര്യമായ ജോലിയോ അദ്ധ്വാനമോ ഇല്ലാതെ വിലകൂടിയ വാഹനങ്ങളും വിലകൂടിയ മൊബൈൽ ഫോൺ ഉൾപ്പടെയുള്ള ആഡംബര വസ്തുക്കളും അവരിൽ കണ്ടാൽ അവരെ സൂഷ്മമായി നിരീക്ഷിക്കുകയും അവരുടെ വരുമാനത്തെ പറ്റി നിങ്ങൾ ബോധവാന്മാരാവുകയും വേണമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.

ADVERTISEMENT

Leave a Reply