അരിപൂഴ്ത്തി വച്ച് നശിപ്പിച്ചതില്‍ ”കമ” എന്ന് പോലും മിണ്ടാതെ എല്‍ഡിഎഫ്, പെരുമ്പാവൂരില്‍ യുഡിഎഫ് തരംഗം

0
പെരുമ്പാവൂര്‍: കോവിഡ് കാലത്ത് പെരുമ്പാവൂരില്‍  ഭരണകര്‍ത്താക്കള്‍ വിതരണം ചെയ്യാതെ പൂഴ്ത്തി വച്ച് നശിപ്പിച്ചു കളഞ്ഞ അരി വിഷയത്തില്‍ മിണ്ടാട്ടമില്ലാതെ എല്‍ഡി എഫ്. നേരത്തേ മുതല്‍ അരിവിതരണം കാര്യക്ഷമമല്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള പ്രതിപക്ഷാംഗങ്ങളുടെ ആരോപണങ്ങള്‍ ശരിവയ്ക്കും വിധമാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പുറത്ത് വരുന്നത്. കോവിഡ്കാലത്ത് പലരും പട്ടിണി കിടന്ന സാഹചര്യത്തിലാണ് ഭക്ഷ്യസാമഗ്രികള്‍ വിതരണം ചെയ്യാതെ പൂഴ്ത്തി വച്ചത്. ഇത്തരത്തില്‍ പൂഴ്ത്തി വച്ച 50 ചാക്കോളം അരി ദുര്‍ഗന്ധം വമിച്ചും ഇഴജന്തുക്കള്‍ കയറിയും ഉപയോഗശൂന്യമായ നിലയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ കണ്ടെത്തിയിരുന്നു. പ്ലാസ്്റ്റിക്ക് നിര്‍മ്മാര്‍ജ്ജനകേന്ദ്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിടുകയും മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വാര്‍ത്തയാകുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നിട്ട് പോലും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ സി.പി. എം നേതാക്കള്‍ക്കോ എല്‍ഡി എഫ് നേതൃത്വത്തിനോ കഴിയാത്തത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരുവിഭാഗത്തിന് അതൃപ്തിയുണ്ട്. 

അഞ്ച് വര്‍ഷം നഗരസഭ ഭരിച്ച് അഴിമതി ആരോപണത്തില്‍ കുളിച്ച യാത്രിനിവാസ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തത് മാത്രം സംഭാവന ചെയ്താണ് എല്‍ഡി എഫ് പടിയിറങ്ങിയത്. ഭരണകക്ഷിയിലെ അംഗങ്ങള്‍ തമ്മിലുളള പടലപ്പിണക്കങ്ങളും പാര്‍ട്ടി നേതൃത്വങ്ങള്‍ തമ്മിലുളള അസ്വാരസങ്ങളും കൊണ്ട് അതൃപ്തിയിലുളള വൈസ് ചെയര്‍പെഴ്‌സണ്‍ ഉള്‍പ്പെടെയുളളവര്‍ ഇത്തവണ യുഡി എഫ് ടിക്കറ്റില്‍ മല്‍സരിക്കുകയാണ്. ഇത്തവണ ഭരണം ലഭിക്കില്ലെന്ന മുന്‍ധാരണയുളളതിനാല്‍ എല്‍ഡി എഫ് നേതൃത്വം ചില ചാവേര്‍ സ്ഥാനാര്‍ത്ഥികളെ മുന്‍നിര്‍ത്തിയാണ് ഇത്തവണ തെരഞ്ഞെടുപ്പിന് നേരിടുന്നതെന്ന ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.
അതിനിടെ, പുതിയ നഗരസഭാ മന്ദിരം, റയോണ്‍സ് വളപ്പില്‍ ആധുനിക മൈതാനം, വല്ലം പുഴയിലെ മണല്‍ വാരല്‍ പുനരാരംഭിക്കല്‍, പെരുമ്പാവൂരിനെ ക്ലീന്‍ സിറ്റി ആക്കല്‍ തുടങ്ങിയ 35 ഓളം ജനകീയ വിഷയങ്ങള്‍ ഉന്നയിച്ച് യുഡി എഫിന്റെ പ്രകടനപത്രിക ഇറങ്ങിയത് എല്‍ഡി എഫിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇതോടെ പെരുമ്പാവൂര്‍ നഗരസഭ ഇക്കുറി യുഡി എഫിന് അനുകൂലമാണെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കണക്ക്കൂട്ടുന്നത്.

ADVERTISEMENT

Leave a Reply