ടൗണ്‍ ബൈപ്പാസ് നടപടികള്‍ വേഗത്തിലാക്കുന്നു, വീണ്ടും പ്രതീക്ഷ

0

പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ ടൗണ്‍ ബൈപ്പാസിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ക്ക് അന്തിമ രൂപമായി. ബൈപ്പാസിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി കഴിഞ്ഞ ദിവസം എം.എല്‍.എ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ചു ധാരണയായത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാല്‍ കഴിഞ്ഞ ഒന്നര മാസമായി നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിച്ചിരുന്നില്ല.

പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാന സ്ഥല വില നിര്‍ണ്ണയം ഉടന്‍ തന്നെ പൂര്‍ത്തീകരിക്കും. ഇതിനായി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു വേഗത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കും. ജനുവരി അവസാനത്തോടെ സ്ഥല വില നിര്‍ണ്ണയിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കി പദ്ധതിയുടെ ഡ്രാഫ്റ്റ് പ്രഖ്യാപനത്തിലേക്ക് കടക്കും. പുനരധിവാസ പാക്കേജിന്റെ നടപടികളും ഇതിനൊപ്പം പൂര്‍ത്തീകരിക്കും.

പദ്ധതിയുടെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബ്ലോക്ക് 117 ന്റെ സര്‍വ്വേ റിക്കോര്‍ഡ് മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇതും രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും. കെട്ടിടങ്ങളുടെ വില നിര്‍ണ്ണയം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഭൂമി ഏറ്റെടുക്കല്‍ വിഭാഗം തഹസില്‍ദാര്‍ക്ക് ഈ മാസം തന്നെ സമര്‍പ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് എം.എല്‍.എ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ഇത് പരിശോധിച്ചു ജനുവരിയില്‍ ജില്ല ഭരണകൂടത്തിന് കൈമാറും.

ടൗണ്‍ ബൈപ്പാസിന്റെ രണ്ടാം ഘട്ടം സംബന്ധിച്ച പദ്ധതി രേഖയില്‍ ആവശ്യമായി വന്ന തിരുത്തലുകള്‍ വരുത്തി രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും. ഇതിനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തികരിക്കുവാന്‍ പദ്ധതിയുടെ വിശദമായ രേഖ തയ്യാറാക്കുന്ന കിറ്റ്‌കോ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പെരുമ്പാവൂര്‍ ബൈപാസിനായി 133. 24 കോടി രൂപയുടെ അനുമതിയാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് ( കിഫ്ബി ) നല്‍കിയിട്ടുള്ളത്. എന്നാല്‍ രണ്ടാം ഘട്ടതിനായി മാത്രം 170. 53 കോടി രൂപ പദ്ധതി എസ്റ്റിമേറ്റ് പ്രകാരം ആവശ്യമായി വരും. സ്ഥലം ഏറ്റെടുക്കുന്നതിനും നിര്‍മ്മാണത്തിനുമുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. രണ്ടാം ഘട്ട പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് കിഫ്ബിയില്‍ സമര്‍പ്പിച്ചു. ഇതോടെ ബൈപ്പാസ് രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തികരിക്കുന്നതിനുള്ള ചെലവ് 200 കോടി കടക്കും.

പെരുമ്പാവൂര്‍, വെങ്ങോല, മാറമ്പിള്ളി വില്ലേജുകളിലാണ് പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത്. രണ്ട് വരി പാതയായി നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മരുത് കവലയില്‍ നിന്ന് തുടങ്ങി എം.സി റോഡ്, പി.പി റോഡ് എന്നിവ കടന്ന് പാലക്കാട്ട് താഴത്ത് അവസാനിക്കുന്ന വിധത്തില്‍ രണ്ട് ഘട്ടങ്ങളായാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പെരുമ്പാവൂര്‍ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ഈ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയത് കിറ്റ്കോയാണ്. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ കേരളയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്

എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി. രാജന്‍, തഹസിദാര്‍മാരായ സീനത്ത് എം.എസ്, എം.സി ജ്യോതി, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ.പി സന്തോഷ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ അരുണ്‍ എം.എസ്, റോയി ജോണ്‍, ഡി. സുദര്‍ശന ഭായി, പി.കെ സുശീല, സജീല എം.എം, നിഷ ജി, ഷെറിന്‍ സി. ജോസ് എന്നിവര്‍ സംബന്ധിച്ചു.

ADVERTISEMENT

Leave a Reply