പെരുമ്പാവൂര്‍ മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ മുഖം മാറുന്നു ; വിദ്യാലയങ്ങള്‍ക്ക് ആധുനിക ഫര്‍ണിച്ചറുകള്‍

0

പെരുമ്പാവൂര്‍ : മണ്ഡലത്തിലെ 9 വിദ്യാലയങ്ങളുടെ മുഖം മാറുകയാണ്. എം.എല്‍.എ ഫണ്ടില്‍ നിന്നും അക്കാദമിക്ക് ബ്ലോക്കുകള്‍ അനുവദിച്ച 8 വിദ്യാലയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചു നിര്‍മ്മാണം പൂര്‍ത്തികരിച്ച കൊമ്പനാട് ഗവ. യു.പി സ്‌കൂളിനും ഉള്‍പ്പെടെ 9 വിദ്യാലയങ്ങള്‍ക്കാണ് ആധുനിക ഫര്‍ണ്ണിച്ചറുകള്‍ നല്‍കുന്നത്. വാണിയപ്പിള്ളി ഗവ. എല്‍.പി സ്‌കൂളില്‍ അനുവദിച്ച ഫര്‍ണ്ണിച്ചറുകളുടെ വിതരണം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്നും മണ്ഡലത്തിലെ 9 വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് പെരുമ്പാവൂര്‍ പദ്ധതി പ്രകാരമാണ് ഫര്‍ണിച്ചറുകള്‍ നല്‍കിയത്. 42.30 ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി അനുവദിച്ചത്. വാണിയപ്പിള്ളി സ്‌കൂളില്‍ 80 ഫര്‍ണിച്ചറുകള്‍ നല്‍കി.

സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പോള്‍ കെ.പോള്‍ അദ്ധ്യക്ഷത വഹിച്ചു. മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചന്‍, ജില്ല പഞ്ചായത്ത് അംഗം മനോജ് മൂത്തേടന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്‌നി എല്‍ദോ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോജ റോയി, പഞ്ചായത്ത് അംഗങ്ങളായ സോമി ബിജു, കെ.ജെ മാത്യു, ജോസ് എ. പോള്‍, വിപിന്‍ പരമേശ്വരന്‍, ബിന്ദു ഉണ്ണി, വത്സ വേലായുധന്‍, ഡോളി മത്തായികുടി, രജിത ജെയ്‌മോന്‍, അഡ്വ. ജോബി മാത്യു,
പി.എസ് സുനിത്, നീലകണ്ഠന്‍ ഇളയത്, ഹെഡ്മിസ്ട്രസ് ദന്‍ഷ, ബിജു ടി.കെ എന്നിവര്‍ സംസാരിച്ചു.

മണ്ഡലത്തിലെ 9 വിദ്യാലയങ്ങള്‍ക്ക് 1367 ഫര്‍ണ്ണിച്ചറുകള്‍

വിദ്യാലയങ്ങള്‍ക്ക് അനുവദിച്ച കെട്ടിടങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തികരിക്കുമ്പോള്‍ നേരിടുന്ന മികച്ച ഫര്‍ണ്ണിച്ചറുകളുടെ അഭവത്തിന് ഇതോടെ പരിഹാരമാവുകയാണെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പറഞ്ഞു. ആധുനിക ഫര്‍ണ്ണിച്ചറുകള്‍ കൂടി എത്തുന്നതോടെ മണ്ഡലത്തിലെ 9 വിദ്യാലയങ്ങളുടെ മുഖച്ഛായ തന്നെ മാറും.
1367 ഫര്‍ണ്ണിച്ചറുകളാണ് പദ്ധതി പ്രകാരം അനുവദിച്ചത്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായി വരുന്ന മുഴുവന്‍ ഫര്‍ണ്ണിച്ചറുകളും പദ്ധതി പ്രകാരം നല്‍കി. 9 വിദ്യാലയങ്ങളിലെ 37 ക്ലാസ് മുറികള്‍ ഇത് പ്രകാരം ഹൈടെക്ക് ക്ലാസ് മുറികള്‍ ആയി മാറുകയാണ്.

കൊമ്പനാട് ഗവ. യു.പി സ്‌കൂള്‍ 204 എണ്ണം, വേങ്ങൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ 166 എണ്ണം, ഗവ. എല്‍.പി സ്‌കൂള്‍ പുല്ലുവഴി 197 എണ്ണം, വാണിയപ്പിള്ളി ഗവ. എല്‍.പി സ്‌കൂള്‍ 80 എണ്ണം, കാഞ്ഞിരക്കാട് ഗവ. എല്‍.പി സ്‌കൂള്‍ 23 എണ്ണം, വളയന്‍ചിറങ്ങറ ഗവ. എല്‍.പി സ്‌കൂള്‍ 235 എണ്ണം, കീഴില്ലം ഗവ. യു.പി സ്‌കൂള്‍ 73 എണ്ണം, ഗവ. യു.പി സ്‌കൂള്‍ പുഴുക്കാട് – 72 എണ്ണം, ഇരിങ്ങോള്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 317 എണ്ണം എന്നീ വിദ്യാലയങ്ങളിലാണ് പദ്ധതി പ്രകാരം ഫര്‍ണ്ണിച്ചറുകള്‍ അനുവദിച്ചത്. അധ്യാപകര്‍ക്കുള്ള 74 ഫര്‍ണ്ണിച്ചറുകളും വിദ്യാര്‍ഥികള്‍ക്കുള്ള 1233 ഫര്‍ണ്ണിച്ചറുകളും ആണ് വിദ്യാലയങ്ങള്‍ക്ക് നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് 391 ഡെസ്‌ക്കുകളും 782 കസേരകളും ആണ് നല്‍കിയത്. അധ്യാപകര്‍ക്കുള്ള 37 ഡെസ്‌ക്കുകളും 37 കസേരകളും ഇതോടൊപ്പം ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള 120 ഫര്‍ണ്ണിച്ചറുകളും വിതരണം ചെയ്തു.

ADVERTISEMENT

Leave a Reply